കൊച്ചി: മൂവാറ്റുപുഴ നഗരസഭാ പൊതുശ്മശാനം തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ആറാഴ്ചയ്ക്കകം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കി.
മൂവാറ്റുപുഴ പൊതുശ്മശാനം അറ്റകുറ്റപണികളുടെ പേരില്‍ അടിക്കടി അടച്ചിടുന്നതിനെതിരെ മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി എം.ജെ. ഷാജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മാറാടി സ്വദേശിയുടെ മൃതദേഹം മൂന്നുപ്രാവശ്യം പുറത്തെടുത്ത് സംസ്കരിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. മൃതദേഹം സംസ്കരിക്കുന്ന സമയത്ത് യന്ത്രത്തില്‍ തകരാറുണ്ടായി.
അത് പരിഹരിച്ച് മ്യതദേഹം സംസ്കരിച്ചതായി നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞു. യന്ത്രത്തില്‍ നിന്നും മൃതദേഹം പുറത്തിറക്കിയിട്ടില്ല. 15 വര്‍ഷം പഴക്കമുള്ള യന്ത്രങ്ങളാണ്. ദിവസേന മൂന്നോളം മൃതദേഹങ്ങള്‍ സംസ്കരിക്കുന്നുണ്ട്. യന്ത്രഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണിക്കാട്ടി.
നഗരസഭയിലെ ഒരു മുതിര്‍ന്ന എൻജിനീയറെ നിയോഗിച്ച് പൊതുശ്മശാനം പരിശോധിക്കണമെന്ന് സെക്രട്ടറിക്ക് കമ്മീഷൻ നിര്‍ദേശം നല്കി. ശ്മശാനത്തിന്റെ മോട്ടോര്‍ ബെല്‍റ്റിന് സാങ്കേതിക തകരാര്‍ ഉണ്ടോ എന്നും പുകക്കുഴലിന് തകരാറുണ്ടോ എന്നും പരിശോധിക്കണം. പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് നഗരസഭാ എൻജിനീയര്‍ സെക്രട്ടറിക്ക് കൈമാറണം. റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ തകരാറുകള്‍ നഗരസഭാ സെക്രട്ടറി അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.